എച്ച്‌ഐവി; ഏഴാമതൊരാള്‍ കൂടി വൈറസ് മുക്തനായതായി റിപ്പോര്‍ട്ട്
എച്ച്ഐവി ബാധയില്‍ നിന്നും മുക്തനാകുന്ന ലോകത്തിലെ ഏഴാമത്തെയാളായി ജര്‍മനിയിലെ 60 വയസ്സുകാരന്‍. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മജ്ജ മാറ്റിവയ്ക്കല്‍ പ്രക്രിയയിലൂടെയാണ് ഇയാള്‍ക്ക് രോഗം സുഖപ്പെട്ടത്. അക്വഡ് ഇമ്മ്യൂണോഡെഫിഷ്യന്‍സി സിന്‍ഡ്രോം അല്ലെങ്കില്‍ എയ്ഡ്‌സിന് കാരണമാകുന്ന മാരകമായ വൈറല്‍ അണുബാധയ്ക്ക് വിജയകരമായി ചികിത്സിക്കുന്ന ഏഴാമത്തെ ആളായി അദ്ദേഹത്തെ പ്രഖ്യാപിച്ചു.
2015 ഒക്ടോബറിലാണ് അസ്ഥിമജ്ജ മാറ്റിവയ്ക്കുന്ന പ്രക്രിയയ്ക്ക് ഇയാള്‍ വിധേയനാകുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത ആഴ്ച മ്യൂണിക്കില്‍ നടക്കുന്ന 25-ാമത് അന്താരാഷ്ട്ര എയ്ഡ്‌സ് കോണ്‍ഫറന്‍സില്‍ ഈ കേസ് ഔദ്യോഗികമായി അവതരിപ്പിക്കും.
ലോകമെമ്പാടുമുള്ള 39 ദശലക്ഷം എച്ച്‌ഐവി വൈറസ് ബാധിതര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ വിവരമെന്ന് ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റി മെഡിസിനിലെ ഇമ്മ്യൂണോളജിസ്റ്റ് ക്രിസ്റ്റിയന്‍ ഗേബ്ലര്‍ പ്രതികരിച്ചു. 2009 ൽ ഇദ്ദേഹത്തിന് എയ്ഡ്‌സ് സ്ഥിരീകരിച്ച ശേഷം അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ ഇയാളില്‍ സ്ഥിരീകരിച്ചു. 2015 ല്‍ രോഗിയിലെ ഈ കാന്‍സർ ചികിത്സിക്കാന്‍ അസ്ഥിമജ്ജയില്‍ ഹെമറ്റോപോയിറ്റിക് സ്‌റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ആവശ്യമാണെന്ന് തീരുമാനിച്ചു.
ഹോമോസൈഗസ് ഡെൽറ്റ-32 CCR5 മ്യൂട്ടേഷൻ എന്നറിയപ്പെടുന്ന ഈ അപൂർവ ജെനറ്റിക് മ്യൂട്ടേഷനുള്ള ദാതാക്കളെ ക്ലിനിക്കൽ ടീം അന്വേഷിക്കാൻ തുടങ്ങി. ഈ മ്യൂട്ടേഷൻ എച്ച്ഐവിക്ക് സ്വാഭാവിക പ്രതിരോധം നൽകുന്നുവെന്ന് ഗേബ്ലർ വിശദീകരിക്കുന്നു. കാൻസർ മാത്രമല്ല എച്ച് ഐ വി സുഖപ്പെടുന്നതിനും ഈ മ്യൂട്ടേഷൻ കാരണമാകുന്നതായി കണ്ടെത്തി. എച്ച് ഐ വി ബാധിതരായ മറ്റ് ആറ് വ്യക്തികളിൽ , അഞ്ച് പേരിലും ഈ പ്രക്രിയ വിജയിച്ചിട്ടുണ്ട്. കാൻസർ ചികിത്സയ്ക്കായി ചെയ്യുന്ന ഈ പ്രക്രിയ എച്ച്ഐവി ക്കും പരിഹാരമാകുന്നു എന്ന് ഇതിലൂടെ കണ്ടെത്തി.
മജ്ജ മാറ്റിവയ്ക്കൽ ഒരു തീവ്രമായ പ്രക്രിയയാണ്, ക്യാൻസർ ഇല്ലാത്ത ദശലക്ഷക്കണക്കിന് എച്ച്ഐവി രോഗികളെ ചികിത്സിക്കാൻ അവ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്നും ഗേബ്ലർ പ്രതികരിച്ചു. എന്നാൽ എച്ച്ഐവി ഭേദമാക്കാൻ ഡെൽറ്റ-32 ജീനിൻ്റെ ഒരു മ്യൂട്ടേറ്റഡ് കോപ്പി മതിയാകും എന്നത് ജീൻ തെറാപ്പികളുടെ വികസനത്തിന് വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗപ്രതിരോധ വ്യവസ്ഥയെയാണ് എച്ച്‌ഐവി വൈറസ് ബാധിക്കുന്നത്. പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതിനാല്‍ മറ്റ് രോഗങ്ങളെ ചെറുക്കുന്നത് പ്രയാസകരമാകുമ്പോഴാണ് ഈ രോഗാവസ്ഥ ഗുരുതരമാകുന്നത്.